മധ്യപ്രദേശില്‍ സെക്യൂരിറ്റി ജീവനക്കാരെ കൊലപ്പെടുത്തിയത് 19കാരന്. മധ്യപ്രദേശ് സാഗര്‍ സ്വദേശി ശിവപ്രസാദാണ് അടുത്തടുത്ത ദിവസങ്ങളിലായി നാല് സെക്യൂരിറ്റി ജീവനക്കാരെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് പിടികൂടി. ബ്ലോക്ക്ബസ്റ്റര്‍ കന്നഡ ചിത്രം കെജിഎഫില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് നല്കിയ മൊഴി. സിനിമയിലെ നായക കഥാപാത്രത്തെ പോലെ പേരെടുക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പറഞ്ഞു.
കൊല്ലപ്പെട്ട ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ ഫോണ്‍ പ്രതി കൈക്കലാക്കിയിരുന്നു. ഇത് പിന്തുടര്ന്നാണ് വെള്ളിയാഴ്ച ഭോപ്പാലില്വച്ച് പ്രതിയെ പിടികൂടിയത്. ഓഗസ്റ്റ് 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ മധ്യപ്രദേശിലെ സാഗര്‍ നഗരത്തില്‍ മൂന്നും ഭോപ്പാലില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെയുമാണ് ശിവപ്രസാദ് കൊലപ്പെടുത്തിയത്. ഭോപ്പാലില്‍ നടത്തിയ കൊലപാതകം സിസിടിവിയില്‍ പതിഞ്ഞിരുന്നു.
നിക്കറും ബനിയനും ധരിച്ചെത്തിയ പ്രതി ഉറങ്ങിക്കിടക്കുന്ന സുരക്ഷാജീവനക്കാരന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റാരും കണ്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സംഭവസ്ഥലത്തു നിന്ന് പെട്ടെന്ന് രക്ഷപ്പെടുകയും ചെയ്തു. ചുറ്റിക, വടിവാള്‍, കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്.