യുവ ടേബിള്‍ ടെന്നീസ് താരം ഡി. വിശ്വ വാഹനാപകടത്തില്‍ മരിച്ചു. പതിനെട്ട് വയസായിരുന്നു. സഹതാരങ്ങള്‍ക്കൊപ്പം വിശ്വ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവറും അപകടത്തില്‍ കൊല്ലപ്പെട്ടു.
83ാമത് സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഗുവാഹത്തിയില്‍ നിന്ന് ഷില്ലോംഗിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിശ്വത്തെ നോങ്പോ സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. വിശ്വത്തിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
തമിഴ്നാട് സ്വദേശിയാണ് വിശ്വ. ചെന്നൈ ലയോള കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. അണ്ണാനഗറിലെ കൃഷ്ണസ്വാമി ടിടി ക്ലബ്ബില്‍ പരിശീലനം നേടിയ വിശ്വ, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡെറാഡൂണില്‍ നടന്ന ദേശീയ റാങ്കിംഗ് ടൂര്‍ണമെന്റില്‍ യൂത്ത് അണ്ടര്‍ 19 ആണ്‍കുട്ടികളുടെ സിംഗിള്‍സ് കിരീടം നേടിയിരുന്നു.