മലയാളികളുടെ പ്രിയനടിമാരില്‍ ഒരാളാണ് സ്വാസിക വിജയ്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരു പോലെ ആരാധകരെ സമ്പാദിച്ച നടിയാണ് സ്വാസിക. സിനിമയിലെ മികച്ച നടിയായി നില്‍ക്കുമ്പോഴും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയല്‍ നടിയാണ് സ്വാസിക.
ചതുരം ആണ് സ്വാസികയുടെതായി റിലീസ് ചെയ്ത് പുതിയ ചിത്രം. അതീവ ഗ്ലാമറസ് രംഗങ്ങള്‍ ഉള്ള ചിത്രത്തില്‍ നായകനായി എത്തിയത് റോഷന് മാത്യുവാണ്. സിദ്ധാര്‍ത്ഥ് ഭരതന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നതിനിടയില്‍ നടി സ്വാസിക, മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടന് മോഹന്‍ലാലിന്റെ കൂടെ ഒരുമിച്ചഭിനയിച്ചപ്പോഴുള്ള സംഭവങ്ങളാണ് സ്വാസിക പറഞ്ഞത്.
അദ്ദേഹം കുടിച്ച അതേ ഗ്ലാസില്‍ മാംഗോ ജ്യൂസ് കുടിക്കാന്‍ പറ്റിയ സന്തോഷമാണ് സ്വാസിക പങ്കുവച്ചത്. ഓണ്‍ലൈന്‍ മലയാളി എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്.
ലാലേട്ടന്റെ കൂടെ ആദ്യമായി ഞാന്‍ അഭിനയിക്കുന്നത് ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിലാണ്. പലപ്പോഴും ഒരു മണി കഴിഞ്ഞാല്‍ ഇന്നിനി ഷൂട്ട് വേണോന്ന് ഞങ്ങളെല്ലാവരും ചോദിക്കാറുണ്ട്.
എന്നാല്‍ ലാലേട്ടന്റെ ചിന്ത ഈ സീന്‍ എങ്ങനെയെങ്കിലും കംപ്ലീറ്റ് ചെയ്യുക എന്നത് മാത്രമായിരിക്കും. അതിന് ശേഷം ഭക്ഷണവും വിശ്രമവും മതിയെന്നാണ് അദ്ദേഹത്തിന്റെ രീതികളെന്നാണ് സ്വാസിക പറയുന്നത്.
മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായിട്ടാണ് കാണുന്നത് എന്നും സ്വാസിക പറഞ്ഞു. ഇട്ടിമാണിയില്‍ അഭിനയിക്കുമ്പോള്‍ ലാലേട്ടന്റെ കൂടെ സംസാരിക്കാനും ഭക്ഷണം പാചകം ചെയ്യാനുമൊക്കെ അവസരം കിട്ടിയെന്നും സ്വാസിക പറയുന്നു.
ആ സിനിമയില്‍ കുറേ ദിവസം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ദിവസം ലൊക്കേഷനില്‍ ഞങ്ങളെല്ലാവരും നിരന്ന് നില്ക്കുമ്പോള് ലാലേട്ടനൊരു മാംഗോ ജ്യൂസ് കുടിച്ചു. അത് കുടിക്കുന്നതിന് ഇടയില്‍ പെട്ടെന്ന് ഞങ്ങള്‍ക്ക് നേരെ നീട്ടിയിട്ട് കുടിച്ചോളാന്‍ പറഞ്ഞു.
വേറെ ഗ്ലാസില്‍ ജ്യൂസ് തരുമെന്ന് ഞാന്‍ കരുതിയെങ്കിലും അദ്ദേഹം അതേ ഗ്ലാസില്‍ തന്നെ ഞങ്ങളെല്ലാവര്‍ക്കും ഓരോ സിപ്പ് എടുക്കാന്‍ തന്നു. ലാലേട്ടന് കുടിച്ച ഗ്ലാസില്‍ തന്നെ മാംഗോ ജ്യൂസ് കുടിക്കുക എന്ന് പറയുന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. അതൊക്കെ ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ് എന്നും സ്വാസിക പറഞ്ഞു.