മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സൂര്യ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിക്കാതെ സൂര്യ ചിത്രങ്ങൾക്ക് കേരളത്തിൽ ലഭിക്കുന്ന പ്രേക്ഷക പിന്തുണ അമ്പരപ്പിക്കുന്നതാണ്. ഗജനി, ഏഴാം അറിവ് എന്നീ ചിത്രങ്ങൾ കേരളത്തിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടവ ആണ്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു രണ്ടും. എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറേ വർഷങ്ങളായി സൂര്യയുടെ കരിയർ ഗ്രാഫ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. സൂര്യയുടെ ഒരു ഗംഭീര തിരിച്ചുവരവ് ആയിരിക്കും എന്ന് കരുതപ്പെടുന്ന ചിത്രമാണ് സൂറരായി പോട്രു.
സുധ കൊങ്കാര ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എയർ ഡെക്കാൻ കമ്പനി മുതലാളിയുടെ ജീവിതകഥ ആണ് സൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളി താരം അപർണ ബാലമുരളി ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. നടി ഉർവശി സൂര്യയുടെ അമ്മയുടെ കഥാപാത്രവും ചെയ്യുന്നു. മലയാളത്തിൽ അടക്കം ഡബ്ബ് ചെയ്തു കൊണ്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആമസോൺ പ്രൈം പ്ലാറ്റ്ഫോമിലാണ് ചിത്രമെത്തുന്നത്. നവംബർ 12ന് ആയിരിക്കും ചിത്രത്തിൻറെ റിലീസ്. ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.
ഇപ്പോൾ ഓൺലൈൻ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് സൂര്യ എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സൂര്യ തന്നെയാണ് ഈ വിവരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഈ കാര്യം തുറന്നു പറഞ്ഞത്. അടുത്തിടെ മണിരത്നം മേൽനോട്ടം വഹിച്ച പുത്തൻ പുതു കാലൈ എന്ന ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമസോൺ പ്രൈമിൽ ആണ് ഇത് റിലീസ് ചെയ്തത്. അഞ്ചു ഷോർട്ട് ഫിലിമുകൾ ഉൾക്കൊള്ളുന്ന ഒരു ആന്തോളജി ആയിരുന്നു ഇത്. സമാനമായ മാതൃകയിൽ ഒരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. മണിരത്നം തന്നെയാണ് ചിത്രത്തിനു മേൽനോട്ടം വഹിക്കുന്നത്. ഇത്തവണ നെറ്റ്ഫ്ലിക്സ്ൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
നിലവിൽ മൂന്ന് പ്രോജക്ടുകൾ ആണ് സൂര്യ ചെയ്യാൻ ഇരിക്കുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ആണ് ഇതിൽ ആദ്യത്തേത്. ഓൺലൈൻ ആയിട്ട് മാത്രം ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. അതുകഴിഞ്ഞ് പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയിരിക്കും സൂര്യ അഭിനയിക്കുന്നത്. ഒരു റെഗുലർ ഫീച്ചർ ഫിലിം ആയിരിക്കും ഇത്. സൺ പിക്ചേഴ്സ് ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. കലാനിധി മാരൻ ആണ് ചിത്രത്തിൻറെ നിർമ്മാണം. അതുകഴിഞ്ഞ് വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയിരിക്കും സൂര്യ പ്രത്യക്ഷപ്പെടുന്നത്. ആദ്യമായിട്ടാണ് ഒരു വെട്രിമാരൻ ചിത്രത്തിൽ സൂര്യ നായകനാകുന്നത്.