അങ്ങനെ ആരാധകർ കാത്തിരുന്ന വിശേഷം എത്തുകയാണ്. ജോഷി സുരേഷ് ഗോപി ചിത്രത്തിൻറെ ഷൂട്ട് ഇന്ന് ആരംഭിച്ചിരിക്കുന്നു. ചിത്രത്തിൻറെ പൂജയും സ്വിച്ചോൺ കർമവും ആണ് ഇന്ന് നടന്നത്. കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കത്തീഡ്രൽ ചർച്ചിൽ വച്ച് ആയിരുന്നു ഇത്. ഇപ്പോഴിതാ മേക്ക് ഓവർ കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.
പാപ്പൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. രണ്ടാഴ്ച മുന്നേ ജോഷി തൻറെ പുതിയ പ്രൊജക്റ്റ് തുടങ്ങാൻ പോവുകയാണെന്ന് സൂചന നൽകിയിരുന്നു. സാക്ഷാൽ സുരേഷ് ഗോപി തന്നെ നേരിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചിരുന്നു. ഈ കഴിഞ്ഞ മാസം ചിത്രത്തിൻ്റെ പോസ്റ്ററും താരം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരുന്നു.
ഒരുപക്ഷേ മലയാളത്തിൽ ആരാധകരെ ഏറ്റവും ത്രസിപ്പിച്ച കോംബോ തന്നെയായിരിക്കും ജോഷി സുരേഷ് ഗോപി കൂട്ടുകെട്ട്. ഇരുവരും ഇതിനു മുമ്പ് ഒന്നിച്ച ലേലവും വാഴുന്നോരും ബ്ലോക്ബസ്റ്ററുകൾ ആയിരുന്നു. പുതിയ ചിത്രവും ഒരു മാസ് മസാല എൻറെർട്ടെയിനർ ആയിരിക്കും എന്നാണ് സൂചന. എന്തായാലും പ്രഖ്യാപനം വന്നതോടെ ആവേശത്തിമിർപ്പിൽ ആണ് ആരാധകർ.
ചിത്രത്തിൽ സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, അതുപോലെ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണ് സൂചന. ഗോകുലും, സുരേഷ് ഗോപിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആർജെ ഷാനിൻ്റെതാണ് തിരക്കഥ. ഡേവിഡ് കച്ചാപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ് ആണ്.