സുഡാന് പ്രധാനമന്ത്രി അബ്ദല്ല ഹംദുക്ക് രാജിവച്ചു. സൈന്യത്തിന് അധികാരം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം രൂക്ഷമായിരിക്കെയാണ് അബ്ദല്ലയുടെ രാജി. രാജ്യം നാശത്തിലേക്ക് വഴുതി വീഴുന്നത് തടയാന്‍ പരമാവധി ശ്രമിച്ചെന്ന് രാജിവയ്ക്കുന്നതിന് മുന്‍പ് രാജ്യത്തെ അഭിസംബോദന ചെയ്ത് അബ്ദല്ല പറഞ്ഞു. അതിജീവനത്തെ തന്നെ മോശമായി ബാധിക്കുന്ന തരത്തില്‍ ഗുരുതര സാഹചര്യത്തിലൂടെയാണ് സുഡാന് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ ഭരണത്തിനായി കഴിഞ്ഞ കുറച്ചു നാളുകളായി സുഡാന് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വന്‍ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള സൈന്യത്തിന്റെ ശ്രമത്തില്‍ രണ്ടു പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
2021 ഒക്ടോബര്‍ 25നാണ് സൈന്യം അബ്ദല്ല ഹംദുക്ക് സര്‍ക്കാരിനെ പിരിച്ചുവിട്ട് അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് ഹംദുക്കിനെ വീട്ടുതടങ്കലിലാക്കി. എന്നാല്‍, 2023 ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന ധാരണയിലെത്തുകയും നവംബറില്‍ ഹംദുക്കിനെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു. എന്നാല്‍ സൈന്യവുമായി അധികാരം പങ്കുവയ്ക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമുയരുകയായിരുന്നു. ഇതിനിടെയാണ് അബ്ദല്ലയുടെ രാജി.