കോട്ടയത്ത് മകന് അമ്മയെ തോട്ടില്‍ മുക്കിക്കൊന്നു. വൈകപ്രയാറില്‍ ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്. മദ്യലഹരിയില്‍ മകന് ബൈജു മന്ദാകിനിയെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് സമീപത്തെ തോട്ടില്‍ മുക്കിത്താഴ്ത്തുകയായിരുന്നു.
ഇന്നലെ വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. തടിപ്പണിക്കാരനായ ബൈജു മദ്യപിച്ചെത്തി വഴക്കിടുകയും അമ്മയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി വലിച്ചിഴച്ച് സമീപത്തെ തോട്ടിലെ വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നു.
മന്ദാകിനിയുടെ നിലവിളി കേട്ട് സമീപത്തെ പറമ്പില്‍ തൊഴിലുറപ്പിനുണ്ടായിരുന്ന തൊഴിലാളികള്‍ എത്തിയെങ്കിലും ബൈജു അരിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂടുതല്‍ നാട്ടുകാര്‍ എത്തിയതോടെ ബൈജു വീട്ടിലേക്ക് കയറിപ്പോയി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് മന്ദാകിനിയെ ആശുപത്രിയില്‍ എത്തിച്ചു. ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ബൈജുവിനെ അറസ്റ്റ് ചെയ്തു.