മതിയായ ഉറക്കമില്ലേ?; അള്‍ഷിമേഴ്‌സിനും സ്‌ട്രോക്കിനും സാധ്യത

ആവശ്യത്തിന് ഉറക്കമില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ഗവേഷകര്‍. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ബെല്ലി ഫാറ്റ് കൂടാനും അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നാണ് പഠനം.

അമേരിക്കയിലെ മയോ ക്ലിനിക്കിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ആരോഗ്യമുള്ള 12 പേരില്‍ ആഴ്ചകളോളം പരീക്ഷണം നടത്തിയാണ് ഇവര്‍ ഇക്കാര്യം കണ്ടെത്തിയത്. ആവശ്യമായ ഉറക്കം ലഭിക്കാത്തവര്‍ക്ക് അള്‍ഷിമേഴ്സ്, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.

വയറിനകത്തെ അവയവങ്ങളില്‍ ആഴത്തില്‍ പറ്റിപ്പിടിക്കുകയും അള്‍ഷിമേഴ്സ്, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നതാണ് വിസറല്‍ ഫാറ്റ്. ഉറക്കം കുറവാണെങ്കില്‍ പ്രായം കുറഞ്ഞ, മെലിഞ്ഞ, ആരോഗ്യമുള്ള വ്യക്തികള്‍ പോലും കൂടുതല്‍ കലോറി അകത്താക്കും. ഇത് ചെറിയ തോതില്‍ വണ്ണംവയ്ക്കാനും ഗണ്യമായ അളവില്‍ വയറിനകത്ത് കൊഴുപ്പ് അടിഞ്ഞുകൂടാനും സാധ്യതയുണ്ടെന്നും മയോക്ലിനിക്കിലെ ഗവേഷകര്‍ പറയുന്നു.