ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ തന്നെ വേട്ടയാടുകയാണെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണ് പൊലീസെന്നും കേരളത്തിലെ എഴുത്തുകാരും സംസ്കാരിക നായകന്മാരും ഇതെല്ലം കണ്ട് മൗനം അവലംബിക്കുകയാണെന്നും സനല്‍കുമാര്‍ ശശിധരന് ഫേസ്ബുക്കില്‍ കുറിച്ചു.
അറസ്റ്റു ചെയ്യപ്പെട്ടത് മുതല്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് കാരണമാണ് ഇതുവരെ പ്രതികരിക്കാന്‍ കഴിയാതിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു മാഫിയയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്ന തന്നെ സംസ്ഥാനത്തെ ക്രമസമാധാനം തകരുമെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തതെന്നും സനല്‍കുമാര്‍ ഫേസ്ബുക്കിലൂടെ ആരോപിക്കുന്നു.
നടി മഞ്ജു വാര്യരുടെ പരാതിയിലാണ് സനല്‍കുമാറിനെ കഴിഞ്ഞ മേയില്‍ അറസ്റ്റ് ചെയ്തത്. 2019 മുതല്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സനല്‍കുമാര്‍ ശശിധരന് ശല്യം ചെയ്യുന്നു എന്നായിരുന്നു നടിയുടെ പരാതി. നേരിട്ടും, ഫോണിലൂടെയും, ബന്ധുക്കളും സുഹൃത്തുക്കളും വഴിയും പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും ഇത് നിരസിച്ചതിനാലാണ് നിരന്തരം ശല്യം ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു. കേസില്‍ പിന്നീട് സംവിധായകന് ജാമ്യം ലഭിച്ചിരുന്നു.