തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് സ്വന്തം ഭൂമി നല്കി കര്ഷകന്. ഇടുക്കി മച്ചിപ്പാവ് പൂപ്പത്ത് സാബുവാണ് കുടുംബ സ്വത്തായി ലഭിച്ച ഒന്നരയേക്കര്‍ ഭൂമിയിലെ 40 സെന്റ് വീടില്ലാത്തവര്‍ക്കായി നല്‍കിയത്.
എട്ട് പേര്‍ക്കായിട്ടാണ് സാബു വീടുവയ്ക്കാന്‍ സ്ഥലം വീതിച്ചു നല്‍കിയത്. കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് സാബു സൗജന്യമായി നല്കിയ ഭൂമി. കിടപ്പാടമില്ലാത്തവരുടെ ദുരിത ജീവിതം കണ്ടാണ് വീടുവയ്ക്കാന്‍ സ്ഥലം നല്കാന് തീരുമാനിച്ചതെന്ന് സാബു പറയുന്നു. ഭാര്യ ഡെയ്സിയും മക്കളായ ജെറിനും ഡെലനും സാബുവിന്റെ തീരുമാനത്തെ പിന്തുണച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ നടന്ന ചടങ്ങില്‍ എട്ട് പേര്‍ക്ക് ഭൂമിയുടെ കൈവശരേഖ കൈമാറി.