കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ മീടൂ ആരോപണവുമായി യുവതികള്‍ രംഗത്ത്. ഇന്‍ഫെക്റ്റഡ് എന്ന ടാറ്റൂ സ്ഥാപനത്തിലെ സുജീഷ് എന്നയാള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇയാളില്‍ നിന്നുണ്ടായ അതിക്രമം ചൂണ്ടിക്കാട്ടി നിരവധി പേരാണ് റെഡ്ഡിറ്റിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും രംഗത്തെത്തിയിരിക്കുന്നത്.
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗികാതിക്രമം നടത്തിയതായുമാണ് ആരോപണം. റെഡ്ഡിറ്റിലൂടെയാണ് ആദ്യം ആരോപണം ഉയര്‍ന്നത്. ഒരാഴ്ച മുന്‍പ് ഉണ്ടായ അനുഭവം പറഞ്ഞാണ് യുവതി രംഗത്തെത്തിയത്. ടാറ്റൂ ചെയ്യുന്നതിനായി ആണ്സുഹൃത്തുമായാണ് യുവതി ആദ്യമെത്തിയത്. തുടക്കത്തില്‍ സാധാരണ പോലെ ടാറ്റൂ ചെയ്തെങ്കിലും ഇടയ്ക്ക് വേദനിച്ചതിനാല്‍ ബ്രേക്ക് എടുത്തുവെന്ന് യുവതി പറയുന്നു. വജൈനയും ചിറകുകളോടു കൂടിയതുമായ ടാറ്റൂവാണ് ചെയ്യാനിരുന്നത്. ടാറ്റൂ ചെയ്യുന്നതിനായി വീണ്ടും സ്ഥാപനത്തിലെത്തി. ടാറ്റൂവിന്റെ അര്‍ത്ഥവും മറ്റും ചോദിച്ചറിയുന്നതിനിടെ സുജീഷ് സംസാരം വഴിതിരിച്ചുവിട്ടു. കൈയില്‍ സൂചി ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല.
ടാറ്റൂ ചെയ്യുന്നതിനിടെ ഇയാള്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും യുവതി പറയുന്നു. തെളിവോ, സാക്ഷികളോ ഒന്നുമില്ലാത്തതിനാല്‍ നീതി ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞു. പോസ്റ്റ് ഷെയര്‍ ചെയ്യണമെന്നും ഇത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ തുറന്നു പറയണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സമാന അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേര് രംഗത്തെത്തുകയായിരുന്നു. ഇത്തരം അനുഭവം ഇനി ആര്‍ക്കും ഉണ്ടാകരുതെന്ന് പറഞ്ഞാണ് പലരും തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.