മഞ്ജു വാര്യർ നായികയാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ഒക്ടോബറിൽ ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും എന്ന് സൂചനയുണ്ട്. ഒരു ഇന്ദോ അറബിക് ചിത്രം ആയിട്ടാണ് ആയിഷ തിയറ്ററുകളിൽ എത്തുന്നത്.
ടൈറ്റിൽ കഥാപാത്രത്തെയാണ് മഞ്ജു വാര്യർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇന്ന് മഞ്ജു വാര്യർ ജന്മദിനം ആഘോഷിക്കുമ്പോൾ സിനിമയിലെ ഒരു ഗാനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. കണ്ണിലെ കണ്ണിലെ എന്ന ഗാനത്തിന്റെ ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഡാൻസ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ഡാൻസറും, സംവിധായകനും എല്ലാമായ പ്രഭുദേവയാണ്.
https://www.youtube.com/watch?v=GLNlPGrxbNM&t=49s
ചിത്രത്തിനു വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നത് എം ജയചന്ദ്രനാണ്. ബി കെ ഹരിനാരായണൻ ആണ് ഇതിന് വരികൾ എഴുതിയിരിക്കുന്നത്. അഹി അജയൻ ആണ് ചിത്രത്തിൽ ഗാനം ആലപിക്കുന്നത്.
ഏഴു ഭാഷകളിൽ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നട, അറബിക് ഭാഷയിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. പ്രശസ്ത നടി രാധികയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണശങ്കറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.