ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹര്‍ജിയിലാണ് നടപടി.
കേസെടുക്കാന്‍ വലിയ തുറ പൊലീസിന് കോടതി നിര്‍ദേശം നല്കി. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫിനെതിരെയും കേസെടുക്കും. വിമാനത്തില്‍വച്ച് ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫും ക്രൂരമായി മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദും നവീന്‍ കുമാറും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെയാണ് ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി ജയരാജന് തള്ളിമാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇ.പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.