മാംഗോ ജ്യൂസ് ഉണ്ടോ മാമ എന്ന് കമന്റ്; മാങ്ങാണ്ടി ഉണ്ട് എടുക്കട്ടെയെന്ന് പോലീസ് മാമന്മാര്‍

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മാമ്പഴം മോഷ്ടിച്ച സംഭവം വലിയ ശ്രദ്ധ നേടിയിരുന്നു. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ ഷിഹാബാണ് സംഭവത്തില്‍ അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ പോലീസിനെ ട്രോളന്മാര്‍ എയറില്‍ കയറ്റിയിരുന്നു.

പോലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ രസകരമായ പല ട്രോളുകളും എത്തിയിരുന്നു. ഇപ്പോഴിത പോലീസ് ഉദ്യോഗസ്ഥന്റെ മാമ്പഴ മോഷണവുമായി ബന്ധപ്പെട്ട് പോലീസിന്റെ സോഷ്യല്‍ മീഡിയ പേജിന് താഴെ വന്ന കമന്റും ഇതിന് പോലീസിന്റെ മറുകമന്റുമാണ് ശ്രദ്ധ നേടുന്നത്.

മാംഗോ ജ്യൂസ് ഉണ്ടോ മാമ എന്നായിരുന്നു ഒരാള്‍ പരിഹാസ രൂപേണ കമന്റ് ചെയ്തത്. മാങ്ങ തിന്നു, ബാക്കിയുള്ളതേയുള്ളൂ, എടുക്കട്ടെ-എന്നായിരുന്നു പോലീസിന്റെ മറുകമന്റ്.

കമന്റും പോലീസിന്റെ മറുകമന്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.അതേസമയം കാഞ്ഞിരപ്പള്ളിയിലെ കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന പത്തുകിലോ മാമ്പഴമാണ് ഷിഹാബ് മോഷ്ടിച്ചത്.

പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരന്‍ മോഷ്ടിച്ചത്.

കടയുടെ സമീപം സ്‌കൂട്ടര്‍ നിര്‍ത്തി, പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു എന്നാണ് വ്യക്തമായിട്ടുള്ളത്. ശിഹാബ് തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാമ്പഴം മാറ്റുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങളിലെ സ്‌കൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ പോലീസുകാരനാണെന്ന് വ്യക്തമായത്. അതേസമയം ഷിഹാബ് ബലാത്സംഗക്കേസിലും പ്രതിയാണ്.