രാഷ്ട്രീയ വൈരാഗ്യത്താല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചുവെന്ന് എഫ്ഐആര്‍. വലിയതുറ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകള്‍ക്കൊപ്പം ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയെ വധിക്കണമെന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. രാഷ്ട്രീയവൈരാഗ്യത്താലാണ് ഇത്തരത്തിലൊരു ശ്രമം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വിമാനത്തിലെ ക്രൂവിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയും പ്രതികള്‍ വിമാനത്തിനകത്ത് വച്ച് മുദ്രാവാക്യം വിളിച്ചു. നിങ്ങളെ ഞങ്ങള്‍ വച്ചേക്കില്ലെടാ എന്ന് പറഞ്ഞ് 20 എ എന്ന സീറ്റിലിരുന്ന മുഖ്യമന്ത്രിക്ക് നേരെ പ്രതികള്‍ പാഞ്ഞടുത്തുവെന്നും എഫ്ഐആര്‍ പറയുന്നു.
വിമാനത്തില്‍ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളില്‍ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയര്‍പോര്‍ട്ട് മാനേജര്‍ വിജിത്ത് പരാതി നല്‍കിയിട്ടുള്ളത്. കണ്ണൂരില്‍ നിന്നുമെത്തിയ മൂന്ന് യാത്രക്കാര്‍ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇന്‍ഡിഗോ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് മാനേജരും പരാതി നല്‍കിയിട്ടുണ്ട്.