മാതാപിതാക്കളുടേയും ബന്ധുക്കളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് പങ്കാളിക്കൊപ്പം ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി. പ്രണയിനിയെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയെന്നും ഇപ്പോള്‍ കാണുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു. ആലുവ സ്വദേശിനി ആദില നസ്റിനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഉടന്‍ കോടതിയെ സമീപിക്കുമെന്നും ആദില പറഞ്ഞു.
കോഴിക്കോട് താമരശേരി സ്വദേശിനിയാണ് ആദിലയുടെ പങ്കാളി. സൗദിയിലെ പഠനത്തിനിടെയാണ് 22കാരിയായ ആദില താമരശേരി സ്വദേശിനിയായ 23കാരിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. സ്വവര്‍ഗാനുരാഗം വീട്ടില്‍ അറിഞ്ഞതോടെ എതിര്‍പ്പുമായി മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തി. കേരളത്തില്‍ മടങ്ങിയെത്തിയെങ്കിലും പ്രണയം തുടര്‍ന്നു. ഒന്നിച്ചു ജീവിക്കാനും തീരുമാനിച്ചു.
ഈ മാസം പത്തൊന്പതിന് ആദില കോഴിക്കോടെത്തി താമരശേരിക്കാരിയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ മാതാപിതാക്കളെത്തി ഇരുവരേയും വീട്ടിലേക്ക് കൊണ്ടുപോയി. അതിനിടെ താമരശേരിയില്‍ നിന്നുള്ള ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി. ഇതിനെതിരെയാണ് ആദില പൊലീസില്‍ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയായ തന്നെയും പങ്കാളിയെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ആദില പറയുന്നത്.