തമിഴ്നാട് കള്ളക്കുറിച്ചിയില്‍ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതശരീരം ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് മാതാപിതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നാളെ രാവിലെ ഏഴ് മണിക്ക് മുമ്പ് മൃതദേഹം ഏറ്റുവാങ്ങുമെന്നും വൈകിട്ടോടെ സംസ്കരിക്കുമെന്നും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു.
റീ പോസ്റ്റ്മോര്‍ട്ടം നടന്ന ദിവസം മുതല്‍ മാതാപിതാക്കള്‍ കടലൂരിലെ വീട്ടില്‍ ഉണ്ടായിരുന്നില്ല. മൃതദേഹം ഏറ്റുവാങ്ങണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സിബിസിഐഡി ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി നോട്ടിസ് പതിച്ചിരുന്നു. റീപോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ സംസ്കരിക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശമെങ്കിലും ഏറ്റുവാങ്ങാന്‍ ആളെത്താത്തതിനാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം കള്ളക്കുറിച്ചി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ രണ്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എന്‍.സതീഷ് കുമാര്‍ പരിശോധിച്ചു.
തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. രസതന്ത്രം, കണക്ക് അധ്യാപകര്‍ തന്നെ വല്ലാതെ മാനസിക സംഘര്‍ഷത്തില്‍ ആക്കുന്നുവെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. സ്കൂള്‍ ഫീസ് തന്റെ അമ്മയ്ക്ക് തിരികെ നല്‍കണമെന്നും പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.