പാലക്കാട് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ശ്രീനിവാസന്റെ കൊലയാളി സംഘത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലയാളികള്‍ സഞ്ചരിച്ച മൂന്നു ബൈക്കുകളും തിരിച്ചറിഞ്ഞു. കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അഡീഷണല്‍ ഡിജിപി വിജയ് സാഖറെ പാലക്കാട് എത്തിയിട്ടുണ്ട്. നിരോധനാജ്ഞ ആരംഭിച്ചതിനാല്‍ കടുത്ത പൊലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
ശ്രീനിവാസന് കൊലപാതകത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പൊലീസ് സഹായം ചെയ്തുവെന്നും, കൊലപാതകത്തിന് പിന്നില്‍ ഉന്നത തല ഗൂഢാലോചനയും വിദേശ സഹായവുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.