തൃശൂര്‍: ബിജെപിയില്‍ അംഗത്വം സ്വീകരിച്ചതിനു പിന്നാലെ പത്മജ വേണുഗോപാലിന് ‘പണികൊടുത്ത്’ പത്മജ വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് അഡ്മിന്.
പത്മജയെ പരിഹസിച്ച് അവരുടെ പേജില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് അഡ്മിന്. ‘ഇ.ഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല.
ബിജെപിയില്‍ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പോസ്റ്റ് വന്നു. പത്മജയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ എത്തിയ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി മാറിയിരുന്നു.
പോസ്റ്റിനു കീഴില്‍ അനേകം കമന്റുകളും നിറഞ്ഞു. സ്വന്തം അഡ്മിനെപ്പോലും കൂടെ നിര്‍ത്താന്‍ പത്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
അതേസമയം പത്മജയുടെ നിര്‍ദേശപ്രകാരം നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം വ്യാഴാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തു വച്ചാണ് പത്മജ വേണുഗോപാല്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്.
കേരളത്തിന്റെ ചുമതലുള്ള പ്രകാശ് ജാവഡേക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും പത്മജ മാധ്യമങ്ങളോടു പറഞ്ഞു.