ഒമിക്രോണ്‍; അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ ചുമയ്ക്കും ശ്വാസംമുട്ടലിനും കാരണമാകാമെന്ന് ഡോക്ടര്‍മാര്‍

കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ കുട്ടികളില്‍ ചുമയ്ക്കും ശ്വാസം മുട്ടലിനും കാരണമായേക്കാമെന്ന് ഡോക്ടര്‍മാര്‍. ശ്വാസകോശനാളിയുടെ മേല്‍ഭാഗത്ത് അണുബാധയ്ക്കും നീര്‍ക്കെട്ടിനും കാരണമാകുന്നതിനാല്‍ നായ കുരയ്ക്കുന്നതിന് സമാനമായ ശബ്ദത്തിലുള്ള ചുമയാണ് ഉണ്ടാകുകയെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ക്രൂപ് അഥവാ ലാരിഞ്ചോട്രക്കിയോബ്രോങ്കൈറ്റിസ് എന്നാണ് ഇത്തരം ചുമയ്ക്ക് പറയുക. മറ്റ് കൊവിഡ് വകഭേദങ്ങളില്‍ ഇത്തരമൊരു രോഗലക്ഷണം കാണപ്പെട്ടിരുന്നില്ല. ഒമിക്രോണ്‍ ബാധിക്കുന്ന കുട്ടികളിലാണ് ഇത്തരം രോഗലക്ഷണം കാണുക. രണ്ടു വയസിന് താഴെയുള്ള കൊവിഡ് രോഗികളില്‍ പലര്‍ക്കും ഈ ലക്ഷണം കാണപ്പെടാറുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അഞ്ച് വയസിന് താഴേയുള്ള കുട്ടികളില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടില്ല. അമേരിക്കയില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.