നാന്നൂറ് വര്‍ഷം പഴക്കമുള്ള ഗോസ്റ്റിന്റെ കഥയാണ്; പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ സിനിമയെ കുറിച്ച് മോഹന്‍ലാല്‍

നടന്‍ മോഹന്‍ലാലിന്റെ 62 പിറന്നാളായിരുന്നു കഴിഞ്ഞദിവസം. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ചു കൊണ്ട് രംഗത്ത് വന്നത്. ബിഗ് ബോസ് വീട്ടിലും ഗംഭീര പിറന്നാളാഘോഷം തന്നെയായിരുന്നു. കേക്ക് മുറിച്ചും സമ്മാനങ്ങള്‍ സ്വീകരിച്ചും ഒക്കെയാണ് മോഹന്‍ലാല്‍ ഇവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചത്.

വേദിയില്‍ വെച്ച് താന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്നു സിനിമ ബറോസിന്റെ വിശേഷങ്ങളും മോഹന്‍ലാല്‍ പങ്കുവെച്ചു. ബ്ലെസ്സിയുടെ ചോദ്യത്തിന് ആയിരുന്നു മോഹന്‍ലാല്‍ തന്റെ പുതിയ സിനിമയെ കുറിച്ച് പറഞ്ഞത്.


‘ബറോസിന്റെ വിശേഷങ്ങള്‍ പറയുന്നതില്‍ സന്തോഷമാണ്. സിനിമ ഒരു 3ഡി സിനിമയാണ്. ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്. ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ആ സിനിമ അവതരിപ്പിക്കാന്‍ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്കുണ്ടാകട്ടെ. അതിനു വേണ്ടിയുള്ള പ്രാര്‍ത്ഥന നിങ്ങളുട ഭാഗത്ത് നിന്നും ഉണ്ടാകണം. വളരെ അസ്വാഭാവികമായ ഒരു സിനിമയായിരിക്കും ബറോസ്. അതൊരു നാന്നൂറ് വര്‍ഷം പഴക്കമുള്ള ഒരു ഗോസ്റ്റിന്റെ കഥയാണ്. എന്തായാലും വലിയൊരു സിനിമയായേ ഞാന്‍ ഇറക്കുകയുള്ളൂ.’ മോഹന്‍ലാല്‍ പറഞ്ഞു.


അതേസമയം ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് നായകകഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവായ ജിജോ പുന്നൂസാണ് ബറോസിന് സ്‌ക്രിപ്റ്റ് ഒരുക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്.