കഴിച്ച ഭക്ഷണത്തിന് അമിത വില ഇടാക്കിയെന്ന് ആരോപിച്ച് ഹോട്ടലിനെതിരെ പരാതി നല്കി ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന് . അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെയാണ് എംഎല്‍എ പരാതി കൊടുത്തത്. ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത വില ഇടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കാനും എംഎല്‍എ പരാതിയില്‍ പറുന്നു.
കഴിഞ്ഞ ദിവസം ആണ് കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലില്‍ നിന്നും രാവിലെ എംഎല്‍എ പിപി ചിത്തരഞ്ജന് ഭക്ഷണം കഴിച്ചത്. ഇതിന് പിന്നാലെയാണ് ബില്ല് കണ്ട് ഞെട്ടിയത്. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഇവര്‍ വാങ്ങിച്ചത്.
‘ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വിലയെന്ന് എംഎല്‍എ പറയുന്നു. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ലെന്നും, എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ലെന്നും. വിലവിവരപ്പട്ടിക പ്രദര്ശിപ്പിച്ചിട്ടില്ലെന്നലും എംഎല്‍എ പറഞ്ഞു.
ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നതെന്നും എംഎല്‍എ പറയുന്നു.
ജില്ല കളക്ടര്‍ക്കാണ് എംഎല്‍എ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് എംഎല്‍എയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ക്കു നിര്‍ദേശം നല്‍കിയതായി ജില്ല കളക്ടര്‍ രേണു രാജ് അറിയിച്ചു.
അതേസമയം ഇതിന് പിന്നാലെ ഇതേ ഹോട്ടലിലെ അധികൃതര്‍ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തി. മിതവില ഈടാക്കിയിട്ടില്ലെന്നും ഭക്ഷണം തയാറാക്കി വില്‍ക്കുന്നതിനുള്ള ചെലവിന് ആനുപാതികമായി മാത്രമേ വില ഈടാക്കുന്നുള്ളൂവെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.