നടി സുരഭി ലക്ഷ്മിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശിയായ മുസ്തഫയാണ് മരിച്ചത്. വീടു വിട്ടിറങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തേടി ഇറങ്ങിയതായിരുന്നു മുസ്തഫ. ഇതിനിടെ ജീപ്പില്‍വച്ച് ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചാണ് അന്ത്യം.
ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് പരിധിയിലെ വീട്ടില്‍ നിന്ന് രാവിലെയാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. ഭാര്യയേയും കുഞ്ഞിനേയും കാണാതായതോടെ മുസ്തഫ ഇളയ കുട്ടിയുമായി അന്വേഷിച്ചിറങ്ങി. രാത്രിയായതോടെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി വീട്ടിലേക്ക് തിരിച്ചു. ഈ സമയം നടന്ന് തളര്‍ന്ന നിലയില്‍ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തി.
പൊലീസുകാര്‍ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നല്കിയ ശേഷം സ്റ്റേഷനില്‍ സുരക്ഷിതരായി ഇരുത്തി. യുവതിയുടെ കയ്യില്‍ നിന്ന് മുസ്തഫയുടെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞെങ്കിലും സംസാരം തീരുന്നതിനുള്ളില്‍ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി. രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭര്‍ത്താവ് ഉടന്‍ പൊലീസ് സ്റ്റേഷനിലേക്കു ജീപ്പില്‍ പുറപ്പെട്ടെങ്കിലും വഴിയില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്രൈവിങ് വശമില്ലാത്ത കൂട്ടുകാര്‍ പുറത്തിറങ്ങി നിന്നു വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. നഗരത്തിലെ ഒരു ഇഫ്ത്താറില്‍ പങ്കെടുത്ത് വീട്ടിലേക്ക് കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭി ലക്ഷ്മി ഇവരെക്കണ്ട് വാഹനം നിര്‍ത്തുകയും ജീപ്പിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കണ്ട്രോള് റൂമില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.