അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗിനെ ചോദ്യം ചെയ്ത സഹോദരിമാരെ മര്‍ദിച്ച് യുവാവ്. മലപ്പുറത്താണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ സി.എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരെ മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഈ മാസം പതിനാറിനാണ് സംഭവം നടന്നത്. പരപ്പനങ്ങാടി സ്വദേശികളായ എം.പി മന്‍സിലില്‍ അസ്ന കെ അസീസ്, ഹംന കെ അസീസ് എന്നിവരാണ് പരാതിക്കാര്‍. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു ഇരുവരും. ഇതിനിടെ കോഹിനൂര്‍ ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടതുവശത്തൂടെ തെറ്റായി കയറിവരുകയായിരുന്നു. ഹോണടിച്ച് മുന്നോട്ടുപോയ സ്കൂട്ടര്‍ പാണമ്പ്രയില്‍വച്ച് യുവാവ് തടഞ്ഞു. കാറില്‍ നിന്നിറങ്ങിയ യുവാവ് യാതൊരു പ്രകോപനവും കൂടാതെ സഹോദരിമാരെ മര്‍ദിക്കുകയായിരുന്നു.
ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ യുവാവ് കാറുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് യുവതികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരുക്കേറ്റ അസ്നയും ഹംനയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അഞ്ച് തവണയോളം യുവാവ് മുഖത്തടിച്ചതായാണ് അസ്ന പറയുന്നത്. നട്ടെല്ലിലെ അസുഖത്തിന് ചികിത്സ തേടുന്ന ആളാണ് അസ്ന. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തി.