പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ദക്ഷിണ കൊല്‍ക്കത്തയിലെ കാളിഘട്ട് ഏരിയയിലെ വസതിയിലേക്ക് അതിക്രമിച്ച് കയറിയ ആള് അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. 34 ബി ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലുള്ള മമത ബാനര്‍ജിയുടെ വീടിന്റെ മതില് ചാടിക്കടന്ന് ഇയാള്‍ പുലര്‍ച്ചെ ഒരു മണിയോടെ അകത്തേക്ക് കടക്കുകയായിരുന്നു. മണിക്കൂറുകളോളം ഇയാള്‍ ഇവിടെ ചെലവഴിച്ചു.
രാത്രി മുഴുവന്‍ വീട്ടുമുറ്റത്തെ മൂലയില്‍ ഇരുന്ന ഇയാളെ രാവിലെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ കാളിഘട്ട് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് തോന്നുന്നതായും ഇയാളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് കമ്മിഷണര്‍ വിനീത് ഗോയല്‍ ഉള്‍പ്പെടെ കൊല്‍ക്കത്ത പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.