അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് മാല പാര്‍വതി. നിരവധി സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ നടി ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ മുന്നണിയില്‍ മാത്രമല്ല പിന്നണിയിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ഈ താരം. ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് മാല പാര്‍വ്വതി. ഇതിനോടകം നിരവധി കഥാപാത്രങ്ങള്‍ക്ക് പാര്‍വ്വതി ശബ്ദം നല്‍കിയിട്ടുണ്ട് . ഇപ്പോള്‍ ഈ താരത്തിന്റെ ശബ്ദം അങ്ങ് അന്യഭാഷാ ചിത്രങ്ങളില്‍ അടക്കം എത്തിയിരിക്കുകയാണ്. ഇപ്പോള്‍ തന്റെ ആദ്യകാല ഡബ്ബിംഗ് അനുഭവങ്ങളും , അതുപോലെ കെജിഎഫിയിലെ അനുഭവവും തുറന്നുപറയുകയാണ് മാല പാര്‍വ്വതി.
പ്രിയപ്പെട്ട ശങ്കര്‍ രാമകൃഷ്ണന്! സുഹൃത്ത് എന്നൊക്കെ ശങ്കറിനെ കുറിച്ച് പറയാന്‍ സാധിക്കുന്നത് വലിയ ഒരു ഭാഗ്യമാണ്. ശങ്കര്‍ എല്ലാ അര്‍ത്ഥത്തിലും, പ്രതിഭയാണ്! KGF എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ഡബ് ചെയ്യാന്‍ ചെല്ലുമ്പോള്‍ ശങ്കര്‍ ഉണ്ടല്ലോ എന്നതായിരുന്നു സമാധാനം. ‘പെര്ഫെക്ഷന്’ ‘പെര്ഫെക്ഷന്’ ‘പെര്ഫെക്ഷന്’ ഐ ലവ് പെര്ഫെക്ഷന്. അതാണ് ശങ്കറിന്റെ ഒരു ലൈന്‍. ഡബ്ബിംഗ് സ്റ്റുഡിയോയിലേക്ക് കയറുന്നത് വരെ സുഹൃത്ത് ആയിരിക്കുന്ന ശങ്കര്‍, കണ്‍സോളില്‍ മറ്റൊരു ആള് ആണ്. നമുക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തില്‍ നില്ക്കുന്ന എഴുത്തുകാരന്, ചലച്ചിത്രകാരന്.
മാളവിക അവിനാഷ് അവതരിപ്പിച്ച ദീപ ഹെഗ്ഡെ എന്ന കഥാപാത്രത്തിനു വേണ്ടിയാണ് എന്റെ ശബ്ദം ഉപയോഗിക്കാമെന്ന തീരുമാനം വന്നത്. മാളവിക എന്ന നടിയുടെ വ്യക്തിത്വം വളരെ ആത്മവിശ്വാസമുള്ള, ഒരു മാധ്യമത്തിന്റെ തലപ്പത്ത് ഇരിക്കുന്ന സ്ത്രീ ആണ്. അങ്ങനെ ഒരു മാനസികാവസ്ഥയിലേക്ക് എത്തി ചേരാന്‍ എനിക്ക് സമയമെടുത്തു. എന്നെക്കാള്‍ കൂടുതല്‍ ശങ്കറിന് എന്റെ മേലുള്ള വിശ്വാസം കൊണ്ടാണ് അത് ചെയ്യാന്‍ സാധിച്ചത്.
എന്റെ ആദ്യത്തെ ഡബ്ബിംഗ് ഭാഗ്യലക്ഷ്മി ചേച്ചി തന്ന അവസരമാണ്. എം.എ. നിഷാദ് സംവിധാനം ചെയ്ത ‘പകല്‍’ എന്ന സിനിമക്ക് വേണ്ടി ആയിരുന്നു അത്. ശ്വേത മേനോന് അവതരിപ്പിച്ച കളക്ടര്‍ കഥാപാത്രത്തിനു വേണ്ടി ആയിരുന്നു അത്. ഭാഗ്യലക്ഷ്മി ചേച്ചി ഡബ്ബിംഗില്‍ ഒരു ലെജന്‍ഡ് ആണ്. സ്വന്തമായി ശബ്ദം നല്കാന് മാത്രമല്ല നന്നായി പഠിപ്പിച്ചും തരും. പകല്‍ എന്ന ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന സിനിമയില്‍ ജയ മുരളി എന്ന കഥാപാത്രത്തിനു ശബ്ദം നല്കി. ഐ.ജി. എന്ന സിനിമയിലും എനിക്ക് ഡബ്ബിംഗ് ചെയ്യാന്‍ സാധിച്ചു. പക്ഷേ, ഇതിലൊക്കെ ഭാഗ്യലക്ഷ്മി ചേച്ചി അടുത്ത് ഉണ്ടായിരുന്നു
അങ്ങനെ ഇരിക്കുമ്പോള്‍, 2006-ല്‍ ആണെന്ന് തോന്നുന്നു, സംവിധായകന് രഞ്ജിത്ത് സാര്‍ എന്നെ വിളിച്ചു. കൊച്ചിയിലെ ലാല്‍ മീഡിയയില്‍ എത്താന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ കൈയ്യൊപ്പ് എന്ന ചിത്രത്തിന് ഖുശ്ബൂന് ശബ്ദം നല്‍കാനാണ്.
എനിക്ക് ഭയങ്കര പേടി ആയി. ഡബ്ബിംഗ് തുടങ്ങി ഒന്നര മണിക്കൂര്‍ ആയിട്ടും ‘ഹലോ മിസ്റ്റര്‍ രാമചന്ദ്രന്’ ശെരി ആക്കാന്‍ സാധിച്ചില്ല. ഞാന്‍ ഇപ്പൊ വരാമെന്ന് പറഞ്ഞു പുറത്തിറങ്ങി. ഒരു ഓട്ടോ വിളിച്ച് സ്റ്റേഷനില്‍ പോയി. ഭാഗ്യത്തിന് അപ്പോ തിരുവനന്തപുരത്തേക്ക് ഒരു ട്രെയിന്‍. അതില്‍ കയറിയിട്ട് ഞാന്‍ രഞ്ജി സാറിനെ വിളിച്ചു.’ഞാന്‍ ട്രെയിനിലാണ് എന്ന് പറഞ്ഞു. ‘നീ പോയ?’ എന്ന് ചോദിച്ചു. എന്നെ കൊണ്ട് നടക്കില്ല എന്ന് പറഞ്ഞു തടി തപ്പി. പിന്നീടത് വിമ്മി മറിയം ആണ് ചെയ്തത്. സ്റ്റേറ്റ് അവാര്‍ഡും കിട്ടി വിമ്മിക്ക്. 2007-ല്‍ ടൈം എന്ന സിനിമ, 2009-നീലത്തമര, അപൂര്‍വരാഗങ്ങള്‍ ഇതില്‍ ഒക്കെ അഭിനയിച്ചപ്പോഴും, എന്റെ കഥാപാത്രത്തിനു ഞാന്‍ അല്ല ശബ്ദം നല്‍കിയത്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തില്‍, ഒരു ജഡ്ജിന്റെ വേഷം ആണ് ഞാന്‍ ചെയ്തത് അതില്‍ ഞാന്‍ തന്നെ എനിക്ക് ശബ്ദം നല്കി. രഞ്ജിത്ത് സാറിന്റെ സാന്നിധ്യത്തില്‍ തന്നെ.