‘ലിവിങ് ടുഗെദര്‍’ ബന്ധങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങളും വേശ്യാവൃത്തിയും വര്‍ധിപ്പിക്കുന്നുവെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ 25കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
അടുത്ത കാലത്താണ് ഇത്തരം ലിവിങ് ടുഗെദര്‍ ബന്ധങ്ങളില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ഇതുകാരണം ഇത്തരം ബന്ധങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കോടതിക്ക് മേല്‍ സമ്മര്‍ദം കൂടിവരികയാണെന്നും കോടതി പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രാകാരം ഏതൊരാള്‍ക്ക് ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നുണ്ട്. ലിവിങ് റിലേഷനുകളും ഇതിന്റെ പരിധിയിലാണ് വരുന്നത്. പല ഭേദഗതികളും ഇതില്‍ പിന്നീട് വരുത്തിയിരുന്നെങ്കിലും ഇതിനെ ചൂഷണം ചെയ്യുകയാണ്. ഒരുപാട് പരിമിതികള്‍ ഇത്തരം ബന്ധങ്ങള്‍ക്കുണ്ടെന്നും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ പങ്കാളികള്‍ക്ക് അധികാരം സ്ഥാപിക്കാന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.