കണ്ണൂര്‍: വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ച സംഭവത്തില്‍ കലിപ്പ് തീരാതെ കെഎസ്ഇബി. റോഡ് ക്യാമറകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന മട്ടന്നൂര്‍ ആര് ടി ഒ ഓഫീസിന്റെ ഫ്യൂസും കെഎസ്ഇബി ഊരി. മാസങ്ങളായി വൈദ്യുത ബില്‍ കുടിശ്ശിക ആയ സാഹചര്യത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശികയാണ്. പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അതിന് മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ താറുമാറായ അവസ്ഥയിലാണ്.
കണ്ണൂരിലെ മുഴുവന്‍ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂര്‍ ഓഫീസില്‍ ആണ്. ഇതോടെ ക്യാമറ നിരീക്ഷണം താറുമാറായി.അതേസമയം ഇന്നലെയും ആര്‍ടിഒ ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. വൈദ്യുത ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് കറന്തക്കാടുള്ള ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ആണ് കെഎസ്ഇബി ഊരിയത്.
കഴിഞ്ഞ ദിവസം വയനാട് കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിയും കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ബില്ല് അടക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.
വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് ആദ്യമായി കെഎസ്ഇബി ഊരിയത്. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.