ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയമായ പരിപാടികളിൽ ഒന്നാണ് കോൻ ബനേഗ ക്രോർപതി. ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. മോഹിത ശർമ ഗാർഗ് എന്ന ഐ പി എസ് ഓഫീസർ ആയിരുന്നു ഈ വർഷത്തെ രണ്ടാമത്തെ കോടീശ്വരി. നവംബർ 17ന് എയർ ചെയ്ത് എപ്പിസോഡിൽ ആണ് ഇവർ ഒരുകോടി അടിച്ചെടുത്തത്. ജമ്മുകശ്മീരിൽ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന പോലീസ് ഓഫീസർ ആണ് ഇവർ. എന്നാൽ ഇതെല്ലാം ഇവരുടെ കഴിവ് വെച്ച് ഇവർ നേടിയെടുത്തതാണ് എന്ന് ഇവർ വിശ്വസിക്കുന്നു. ഭാഗ്യമെന്ന ഫാക്ടറിൽ ഇവർ വിശ്വസിക്കുന്നില്ല.
എന്നാൽ ഭാഗ്യം എന്ന ഒരു കാര്യമുണ്ട് എന്ന് ഇവർ ശരിക്കും വിശ്വസിച്ചത് തിരിച്ചു വീട്ടിൽ ചെന്നപ്പോൾ ആയിരുന്നു. വിജയം ആഘോഷിക്കുന്നതിന് വേണ്ടി ഇവർ ഒരു മാഗി പാക്കറ്റ് പൊട്ടിച്ചു. തുറന്നു നോക്കിയപ്പോൾ ആണ് ഇവർ ശരിക്കും ഞെട്ടി പോയത്. അതിനുള്ളിൽ രണ്ട് മസാല പാക്കറ്റ്. ഇതിൽ എന്താണ് ഇത്ര പുതുമ എന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ഒരിക്കലെങ്കിലും മാഗി ഉണ്ടാക്കിയവർക്ക് അത് തോന്നില്ല. പലപ്പോഴും ഒരു പാക്കറ്റിലെ മസാല തികയാതെ വരാറുണ്ട്. എല്ലാവരും രണ്ടാമതൊരു പാക്കറ്റിന് വേണ്ടി ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം.
“കോടീശ്വരൻ പരിപാടിയിൽ നിന്നും ഒരു കോടി ജയിച്ച് വീട്ടിലെത്തിയപ്പോൾ കണ്ടതാണ് ഇത്. ഒരു മാഗി പാക്കറ്റിൽ രണ്ട് മസാല പാക്കറ്റ്. ജീവിതത്തിലൊരിക്കലും ഇത്രയും ഭാഗ്യവതി ആയി തോന്നിയിട്ടില്ല. ദൈവത്തിന് ഇന്ന് എന്നോട് പ്രത്യേക മമത ഉണ്ട്” – മോഹിത ശർമ ട്വിറ്ററിൽ കുറിച്ചു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഉടൻതന്നെ ട്വീറ്റ് വൈറലായി. നിരവധി സെലിബ്രിറ്റികൾ അടക്കം ധാരാളം ആളുകളാണ് ട്വീറ്റ് ലൈക് ചെയ്തിരിക്കുന്നതും റീട്വീറ്റ് ചെയ്തിരിക്കുന്നതും. എന്തായാലും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം മാഗി കഴിച്ചുകൊണ്ട് ആഘോഷിക്കുകയാണ് ഈ പോലീസ് ഓഫീസർ.