രണ്ടാം പിണറായി സർക്കാരിൽ ഒരു എംഎൽഎ മാത്രമുള്ള പാർട്ടികളുടെ മന്ത്രിസ്ഥാനത്തിനു നിശ്ചയിച്ച രണ്ടര വർഷ കാലാവധി ഈ മാസം തീരുകയാണ്.അതുകൊണ്ട് തന്നെ ഇന്ന് രാവിലെ 10 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഉച്ചയ്ക്ക് മൂന്നിന് ഇടതുമുന്നണി യോഗവുമാണ് നടക്കുക. പുനഃസംഘടന മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. ആന്റണി രാജു, ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) പ്രതിനിധി അഹമദ് ദേവർകോവിൽ എന്നിവരുടെ കാലാവധി ഈ മാസം 20നാണ് പൂർത്തിയാവുക. മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബര് 25നകമാണ് പുനഃസംഘടന നടക്കേണ്ടത്. ഇവർക്ക് പകരം കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നാണ് ഇടതുമുന്നണിയിലെ ധാരണ. എന്നാൽ നവംബർ 18ന് ആരംഭിക്കുന്ന നവകേരള സദസ് പൂർത്തിയായിട്ട് മതിയോ പുനഃസംഘടനയെന്നാണ് ഇന്ന് ചർച്ചയാവുക.
അതെ സമയം 140 മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന പരിപാടിയാണ് നവകേരള സദസ്. സർക്കാരിന്റെ വിലയിരുത്തലാണ് എന്നതിനാൽ എല്ലാ മന്ത്രിമാരും പരപാടിയിൽ വേണമെന്ന അഭിപ്രായം മുന്നണിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ നവകേരള സദസിന് ശേഷം മാത്രം പുനഃസംഘടന എന്ന തീരുമാനത്തിലേക്ക് എൽഡിഎഫ് എത്താനാണ് സാധ്യത.നവകേരള സദസിന് മുൻപ് തന്നെ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരള കോണ്ഗ്രസ് ബി, മുന്നണി നേതൃത്വത്തിന് കത്ത് നല്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
നിലവിലുള്ള മന്ത്രിമാരുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് നവകേരള സദസിന്റെ പോസ്റ്ററുകളും ബോർഡുകളും തയാറാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഡിസംബർ 24ന് മണ്ഡല പര്യടനം പൂർത്തിയായശേഷമാകും പുനഃസംഘടന നടക്കുക.മന്ത്രിസഭ പുനഃസംഘടനയ്ക്ക് പുറമെ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന ആവശ്യവും യോഗത്തിൽ ചർച്ചയാകും.