തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്കിയ കേസില്‍ കശ്മീരിലെ വിഘടന വാദി നേതാവ് യാസിന് മാലിക്കിന് ജീവപര്യന്തം തടവ്. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
യുഎപിഎയിലെ ഏഴു വകുപ്പുകള്‍ പ്രകാരം യാസീന്‍ മാലിക് കുറ്റവാളിയാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ വധശിക്ഷ വേണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒന്നിനും വേണ്ടി യാചിക്കില്ലെന്നും കേസില്‍ കോടതിക്ക് തീരുമാനമെടുക്കാമെന്നും യാസീന്‍ മാലിക് പറഞ്ഞിരുന്നു.
താന്‍ കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ അതിക്രമത്തിലോ പങ്കാളിയായിട്ടുണ്ടെന്ന് ഇന്ത്യന്‍ ഇന്റലിജന്റ്സ് തെളിയിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും തൂക്കുകയര്‍ സ്വീകരിക്കുമെന്നും യാസീന്‍ മാലിക് പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. താന്‍ ഏഴു പ്രധാനമന്ത്രിമാരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചതും അഭിഭാഷകന് പറഞ്ഞു.