ബോളിവുഡിന്റെ സ്വന്തം താരദമ്പതികള്‍ ആണ് അജയ് ദേവ്ഗണും കജോളും . ഇവരുടെ ഈ ഒത്തൊരുമയും സ്നേഹവും കണ്ട് പലപ്പോഴും അസൂയ വരെ തോന്നിയിട്ടുണ്ട്. ഇപ്പോഴിതാ വിവാഹ ജീവിതം 23 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷത്തിലാണ് ഈ ദമ്പതികള്‍. ഈ ദിനത്തില്‍ ബോളിവുഡ് താരങ്ങള്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്.
നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് അജയും കജോളും. ഇതിനിടെ അടുത്ത സുഹൃത്തുക്കളായി മാറിയ, ഇവരുടെ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. 1999 ലായിരുന്നു ആ താരവിവാഹം. ഇന്ന് രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. നൈസയും യുഗയും. ഇടയ്ക്കിടയ്ക്ക് കുടുംബവിശേഷം പങ്കുവെച്ച് ഇവര്‍ എത്താറുണ്ട്. അതേസമയം ഹല്‍ചുല്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.
ഇപ്പോള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇവര്‍ പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആവുന്നത്. ഓടിയും, നടന്നും, മുടന്തിയും, ചവിട്ടിയും, നിലവിളിച്ചും 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇവിടെ എത്തി. നാം ഒരു മെഡല്‍ അര്‍ഹിക്കുന്നുണ്ടോ അതോ ഒരു വിസ്മയ കാഴ്ചയോ? എന്നായിരുന്നു കജോളിന്റെ ചോദ്യം. അജയിനോട് ചേര്‍ന്നുള്ള ഫോട്ടോയ്ക്കൊപ്പമായാണ് താരം കുറിപ്പ് പങ്കിട്ടത്. നിരവധി പേരാണ് കജോളിന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.
പഴയൊരു വീഡിയോ പങ്കിട്ടായിരുന്നു അജയ് എത്തിയത്. സത്യത്തില്‍ അവളിപ്പോഴും എന്റെ കൂടെയുണ്ടെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു എന്നായിരുന്നു അജയിന്റെ കമന്റ്.