മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകരില്‍ ഒരാളാണ് ജാസി ഗിഫ്റ്റ്. ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയിലൂടെ ആണ് ജാസി ഗിഫ്റ്റ് സിനിമ ഗാന രംഗത്തേക്ക് കടന്ന് വരുന്നത്. ഗായകനായും സംഗീത സംവിധായകന് ആയും പേരെടുത്ത ജാസി ഗിഫ്റ്റ് പിന്നീട് മറ്റ് ഭാഷകളിലും ശ്രദ്ധേയനായി.
മലയാളത്തില്‍ അത് വരെ കേട്ട് പരിചയമില്ലാത്ത ശബ്ദവും ഗാന ശൈലിയുമായിരുന്നു ജാസി ഗിഫ്റ്റിന്റെ വ്യത്യസ്ത. ഫോര്‍ദി പിപ്പീളിലെ ലജ്ജാവതിയെ എന്ന ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.
ഇപ്പോഴിത ഫോര്‍ ദി പീപ്പിളിലേക്ക് ജാസി ഗിഫ്റ്റ് എത്തിയ കഥ പറയുകയാണ് സിനിമയിലെ ഗാനങ്ങള്‍ എഴുതിയ ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ഫെസ്റ്റ്ഫോര്ട്ട് എന്ന ഹോട്ടലില്‍ ഞാനും സംവിധായകന് ജയരാജും ഒരു പ്രാവശ്യം പോയി. അവിടെ പാട്ടു പാടുന്ന ഗ്രൂപ്പില്‍ ഒരാള്‍ മനോഹരമായി പാടുന്നു. ഞാന്‍ വേഗം എണീറ്റ് പോയി കൈ കൊടുത്ത് സുന്ദരമായിട്ടുണ്ട് പാട്ട് അസാധ്യമായിട്ടുണ്ട് എന്ന് പറഞ്ഞു.
എന്റെ അഭിനന്ദനം അയാള്‍ക്കും അത്ഭുതമായി. ഇങ്ങനെ ആരും പറയാറില്ല. കേട്ടിട്ടേ പോവാറെ ഉള്ളൂ എന്ന് അയാള്‍ പറഞ്ഞു. ആ നിമിഷം ജയരാജ് തീരുമാനിച്ചു ഇയാളെക്കൊണ്ട് ഒരു പടം ചെയ്യിക്കണം എന്ന്.അങ്ങനെ ആണ് ഫോര്‍ദ പീപ്പിള്‍ എന്ന പടത്തിന് ജാസി ഗിഫ്റ്റ് എന്ന മ്യൂസിക് ഡയരക്ടര്‍ ഉണ്ടാവുന്നത് എന്നാണ് കൈതപ്രം പറയുന്നത്.
ലജ്ജാവതിയെ എന്ന പാട്ട് അഡ്നാന് സ്വാമിയെ കൊണ്ട് പാടിക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷെ ജയരാജ് ആണ് നിര്‍ബന്ധിച്ച് ജാസി തന്നെ പാടിയാല്‍ മതിയെന്ന് പറഞ്ഞത്. ആ തീരുമാനം ആയിരുന്നു ആ പടത്തിന്റെ വിജയം.-എന്നും കൈതപ്രം പറഞ്ഞു.
ഫോര്‍ ദി പീപ്പിളിലെ ലജ്ജാവതിയെ എന്ന് പാട്ടുള്പ്പെട്ടെ എല്ലാ പാട്ടും ഞാന്‍ ഒറ്റ ദിവസം കൊണ്ട് എഴുതി തീര്‍ത്തതാണ്. അത്ര ഗൗരവമായി തോന്നിയില്ല. പക്ഷെ വെറൈറ്റി ട്യൂണ്‍ ആയിരുന്നുവെന്നും കൈതപ്രം പറഞ്ഞു.