പുട്ടിനെക്കുറിച്ചുള്ള കുറിപ്പിലൂടെ താരമായതാണ് കോഴിക്കോട് മുക്കം സ്വദേശിയും ബംഗളൂരു എസ്എഫ്എസ് അക്കൗദമി ഇലക്രോണിക്സ് സിറ്റിയിലെ വിദ്യാര്‍ത്ഥിയുമായ ജയിസ്. ഇപ്പോഴിതാ പുട്ടിനോട് മാത്രമല്ല പുട്ട് പരസ്യങ്ങളോടും നോ പറഞ്ഞിരിക്കുകയാണ് ജയിസ്. പരസ്യമോഡലാക്കാന് സമീപിച്ചവരോടാണ് താത്പര്യമില്ലെന്ന് ജയിസ് അറിയിച്ചത്. ജയിസിന്റെ കുറിപ്പ് വൈറലായതോടെ നിരവധി പരസ്യ കമ്പനികളാണ് ജയിസിനെ സമീപിച്ചത്.
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജയിസ്. പരീക്ഷയ്ക്കുള്ള ചോദ്യത്തിന് ജയിസ് എഴുതിയ കുറിപ്പാണ് വൈറലായത്. ഇഷ്ടമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനായിരുന്നു പരീക്ഷയ്ക്ക് വന്ന ചോദ്യം. ഇതിനാണ് പുട്ട് ഇഷ്ടമല്ലെന്ന് ജയിസ് എഴുതിയത്. പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നതെന്നും ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെ ഉണ്ടാക്കുന്നുവെന്നും ജയിസ് പറഞ്ഞു. അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാവും. പിന്നെ തനിക്കത് കഴിക്കാന്‍ കഴിയില്ല. വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അപ്പോള്‍ താന്‍ പട്ടിണി കിടക്കും. അതിന് അമ്മ തന്നെ വഴക്ക് പറയും. പിന്നാലെ താന്‍ കരയും അതുകൊണ്ടു തന്നെ പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന ഭക്ഷണമാണെന്നും ജയിസ് പറഞ്ഞിരുന്നു.
ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിദ്യാര്‍ഥിയെ അഭിനന്ദിച്ചിരുന്നു. നിരവധി പേര് ജയിസിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ് -ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ് ജയിസ്.