മൊഹാലി ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിംഗ്സിനും 222 റണ്‍സിനും തകര്‍ത്ത് ഇന്ത്യ. സെഞ്ച്വറിയും ഒന്‍പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. രണ്ട് മത്സരമടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
മൊഹാലിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ 574-8 എന്ന കൂറ്റന്‍ സ്കോറില്‍ ഡിക്ലര്‍ ചെയ്യുകയായിരുന്നു. ജഡേജ 228 പന്തില്‍ 175 റണ്‍സുമായി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (96), ഹനുമാ വിഹാരി(58), ആര് അശ്വിന്(61), വിരാട് കോലി(45) എന്നിവരുടെ ബാറ്റിംഗും ഇന്ത്യക്ക് തുണയായി.
കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ലങ്കയെ സ്പിന്‍ കെണിയില്‍ ഇന്ത്യ വരിഞ്ഞുമുറുക്കി. ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ജഡേജ-അശ്വിന് സഖ്യം നിറഞ്ഞാടി. ജഡേജ അഞ്ചും അശ്വിനും ബുമ്രയും രണ്ട് വീതവും ഷമി ഒന്നും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ലങ്ക 174 റണ്‍സില്‍ വീണു. 61 റണ്‍സെടുത്ത പാതും നിസംങ്ക മാത്രമാണ് അമ്പത് കടന്നത്. നായകന് ദിമുത് കരുണരത്നെ 28ല്‍ മടങ്ങി. വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്വെല്ലയുടെ അര്‍ധ സെഞ്ച്വറി മാത്രമാണ് ലങ്കയ്ക്ക് ആശ്വാസം. ധനഞ്ജയ ഡിസില്‍വ 30നും എഞ്ചലോ മാത്യൂസ് 28നും ദിമുത് കരുണരത്നെ 27നും ചരിത് അസലങ്ക 20നും പുറത്തായി.