നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം പ്രതികരണവുമായി വനിതാ കമ്മിഷന് അധ്യക്ഷ പി. സതിദേവി. ഹേമ കമ്മിഷന് റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
സിനിമാമേഖലയിലേക്ക് പുതിയ പെണ്‍കുട്ടികള്‍ കടന്നുവരുമ്പോള്‍ ആത്മവിശ്വാസം നല്കുന്ന അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. നിര്‍മാണ കമ്പനികള്‍ അത് ഉറപ്പാക്കേണ്ടതുണ്ട്. ഹേമ കമ്മിഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ സിനിമാ-സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി സംസാരിച്ചിരുന്നു. എന്‍ക്വയറി കമ്മിഷന് ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മീഷന്. അതുകൊണ്ടുതന്നെ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ല എന്നാണ് മന്ത്രി പറഞ്ഞത്. തീര്‍ച്ചയായും സിനിമാമേഖലയില്‍ നിയന്ത്രണവും നിരീക്ഷണവും അനിവാര്യമാണെന്നും പി. സതീദേവി പറഞ്ഞു.
ഇന്റേണല്‍ കംപ്ലൈയിന്റ് കമ്മിറ്റി എല്ലാ നിര്‍മാണ കമ്പനികളും നിര്‍ബന്ധമായും രൂപീകരിച്ചിരിക്കണം. സിനിമാമേഖലയിലെ സ്ത്രീകള്‍ക്കുനേരേ നടക്കുന്ന ചൂഷണങ്ങളും മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും വനിതാ കമ്മിഷന് അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.