മൂന്നാറില്‍ കയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്കി വഞ്ചിച്ച കേസില്‍ നടന് ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ബാബുരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം.
നടന് ബാബുരാജിനെതിരെ കോതമംഗലം സ്വദേശിയായ വ്യവസായി അരുണ്‍കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ബാബുരാജ് വഞ്ചിച്ചെന്ന് കാണിച്ച് അടിമാലി കോടതിയില്‍ അരുണ്‍കുമാര്‍ പരാതി നല്കി. പരാതി സ്വീകരിച്ച കോടതി അടിമാലി പൊലീസിനോട് വഞ്ചന കുറ്റത്തിന് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. ബാബുരാജ് ആനവിരട്ടിയിലുള്ള തന്റെ വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ് എന്ന റിസോര്‍ട്ട് അരുണ്‍കുമാറിന് പാട്ടത്തിനു നല്കി 40ലക്ഷം രൂപ വാങ്ങിയിരുന്നു. പ്രതിമാസം 2.60 ലക്ഷം രൂപ വാടകയും 5000 രൂപ മെയിന്റനന്‍സും നല്‍കാമെന്ന കരാറിലാണ് റിസോര്‍ട്ട് നല്‍കിയത്. എന്നാല്‍ കയ്യേറ്റഭൂമിയിലാണെന്നതിനാല് റിസോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനാവാത്ത സ്ഥിതി വന്നു. തുടര്‍ന്ന് കരുതല്‍ ധനമായി നല്കിയ തുക അരുണ്‍കുമാര്‍ തിരിച്ചു ചോദിച്ചെങ്കിലും ബാബുരാജ് നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് അരുണ്‍കുമാര്‍ കോടതിയെ സമീപിച്ചത്.
അതേസമയം, കൊവിഡ് സാഹചര്യത്തില്‍ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ വാടകയിനത്തില്‍ കുടിശ്ശിക വരുത്തിയെന്നും ഇതു ചോദിച്ചപ്പോഴാണ് തനിക്കെതിരെ കേസ് നല്‍കിയതെന്നുമാണ് ബാബുരാജ് പറയുന്നത്.