2029ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി മഥുരയിലും കാശിയിലും പ്രാണ പ്രതിഷ്ഠ നിര്‍വ്വഹിക്കുമെന്ന് ഗ്യാന്‍വാപി കേസിലെ ഹിന്ദു വിഭാഗം വക്കീല്‍ ഹരി ശങ്കര്‍ ജെയ്ന്‍.
ഗ്യാന്‍വാപി കേസ് വിജയത്തിന്റെ വക്കിലാണെന്നും ഇസ്ലാമിക ഭരണാധികാരികളുടെ ലക്ഷ്യം ഹിന്ദുക്കളെ അപമാനിക്കലായിരുന്നു എന്നും ഗ്യാന്‍വാപി കേസിലെ ഹിന്ദു വിഭാഗം വക്കീല്‍ ഹരി ശങ്കര്‍ ജെയ്ന്‍ പറഞ്ഞു.
ഓര്‍ഗനൈസറിനു നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ഹരി ശങ്കര്‍ ജെയ്നിന്റെ വാക്കുകള്‍.
ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറേ ഭാഗത്തുള്ള മതില് പുരാതന അമ്പലത്തിന്റെ മതിലായിരുന്നു. അതിന്റെ നിരവധി തെളിവുകള്‍ അവിടെയുണ്ട്.
അതുകൊണ്ട് തന്നെ 1669-70 കാലഘട്ടത്തില്‍ അമ്പലം പൊളിച്ച് ഔറംഗസീബ് പള്ളി പണിതതാണെന്ന് മനസിലാക്കാം. മുസ്ലിം വിഭാഗം എതിര്‍ത്താലും കൃത്യമായ തെളിവുള്ളതുകൊണ്ട് കേസ് ഞങ്ങള്‍ ജയിക്കും.
മതനിരപേക്ഷതയുടെ പേരുപറഞ്ഞ് ഇതൊക്കെ മറയ്ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍പ് പലതവണ ശ്രമിച്ചു. പക്ഷേ, ഇനി ഭാരതീയരെ കബളിപ്പിക്കാനാവില്ല.
മുസ്ലിം ഭരണാധികാരികള്‍ ഇസ്ലാം നിര്‍മിതികള്‍ക്കല്ല ശ്രമിച്ചത്, ഇസ്ലാമിന്റെ കരുത്ത് കാട്ടാനായിരുന്നു. ഹിന്ദു അടയാളങ്ങള്‍ നീക്കി ഹിന്ദുക്കളെ അപമാനിക്കലായിരുന്നു ലക്ഷ്യം എന്നും ഇയാള്‍ പറയുന്നു.
ഗ്യാന്‍വാപി പള്ളി കേസ് ഹിന്ദുക്കള്‍ വിജയിക്കുമ്പോള്‍ മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ വേറെ സ്ഥലം നല്‍കുന്നതിനോട് യോജിപ്പില്ല എന്നും ഹരിശങ്കര്‍ ജെയിന് പറഞ്ഞു.
ഹിന്ദുക്കളോട് ചരിത്രപരമായ പല അനീതിയും ചെയ്ത ഒരു സമുദായത്തിന് അത് നല്കാന് പാടില്ല എന്നാണ് ഹരിശങ്കര്‍ പറയുന്നത്.
നമ്മുടെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചുകയറി താമസിക്കുന്നു. കുറേ കാലത്തെ നിയമയുദ്ധത്തിനു ശേഷം നമ്മള് വിജയിക്കുന്നു. എന്നിട്ട് അവര്‍ക്ക് താമസിക്കാന്‍ മറ്റൊരു സ്ഥലം അനുവദിക്കുന്നത് നീതിയാണോ?-എന്നാണ് ഹരി ശങ്കര്‍ ഓര്‍ഗനൈസറിന് നല്കിയ അഭിമുഖത്തില്‍ ചോദിക്കുന്നത്.
ഒരു ഹിന്ദു എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, 2029ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി മഥുരയിലും കാശിയിലും പ്രാണ പ്രതിഷ്ഠ നടത്തും എന്നാണ്. ഭാരതം ഹിന്ദുരാജ്യമാവണമെന്നാണ് ആഗ്രഹം.
അതിനായി ഹിന്ദുക്കളില്‍ നിന്ന് പിടിച്ചെടുത്ത അമ്പലങ്ങള്‍ തിരിച്ചുപിടിക്കണം. ലക്നൗ, ഡല്‍ഹി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഇതിനായി നിയമപോരാട്ടം ആരംഭിച്ചുകഴിഞ്ഞു എന്നും ഹരി ശങ്കര്‍ ജെയ്ന്‍ പറഞ്ഞു.