നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഒപ്പ് വച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാരുമായുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ അഞ്ച് ബില്ലുകളില്‍ ഒപ്പുവച്ചത്. വിവാദമായ ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പു വച്ചിട്ടില്ല.
ബില്ലുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന ആവശ്യത്തില്‍ കേരള സര്‍വകലാശാല നിയമോപദേശം തേടും. പതിനൊന്ന് ബില്ലുകളായിരുന്നു നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്.
ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗവര്‍ണര്‍ നേരത്തേ പറഞ്ഞത്. അതില്‍ ഒപ്പിടുന്ന പ്രശ്നമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ട് ഡല്‍ഹിയിലേക്ക് പോവുന്ന ഗവര്‍ണര്‍ ഗുവാഹത്ത്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷം ഒക്ടോബര്‍ മൂന്നിനാണ് മടങ്ങിയെത്തുക.
സര്‍ക്കാരുമായി തുറന്ന പോരിന് തുടക്കം കുറിച്ചിരിക്കുകയാണ് ഗവര്‍ണര്‍. മറ്റൊരു സംസ്ഥാനങ്ങളിലും സര്‍ക്കാരും ഗവര്‍ണറും പൊതുമധ്യത്തില്‍ പോരടിക്കുന്ന കാഴ്ച ഇതാദ്യമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടതടക്കം നിരവധി വിഷയങ്ങളില്‍ ഗവര്‍ണര്‍ ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ പുറത്തുവിടാനെന്ന രീതിയില്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയതും വലിയ വിവാദമായിരുന്നു.