പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന് ടി.എന്‍ പ്രതാപന്, രമ്യ ഹരിദാസ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്പെന്ഷന്. മാണിക്യം ടാഗോര്‍, ജ്യോതി മണി എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാര്‍. സഭാ കാലയളവ് വരെ സസ്പെന്ഷന് തുടരും.
വിലക്കയറ്റം, ജി.എസ്.ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം നടത്തിയത്. പ്രതിഷേധം കനത്തതോടെയാണ് സ്പീക്കര്‍ ഓം ബിര്‍ല കര്‍ശനമായ നടപടി സ്വീകരിച്ചത്.
പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതിഷേധം പാടില്ലെന്ന് രണ്ടു മണിക്ക് ലോക്സഭ ആരംഭിച്ചപ്പോള്‍ തന്നെ സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. മൂന്നു മണിക്ക് സഭാ സമ്മേളനം ചേരുമ്പോള്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ ഘട്ടത്തില്‍ പ്ലക്കാര്‍ഡുകളും പ്രിന്റ് ചെയ്ത നോട്ടീസുകളും ഉള്‍പ്പെടെ ഉയര്‍ത്തിയുള്ള പ്രതിഷേധം പാടില്ലെന്നും സ്പീക്കര്‍ അറിയിച്ചിരുന്നു. എന്നാല്‍, മൂന്നു മണിക്ക് സമ്മേളനം ആരംഭിച്ചതോടെ പ്രതിപക്ഷ എം.പിമാര്‍ വിലക്ക് ലംഘിച്ച് പ്ലക്കാര്‍ഡുകളുമായി എത്തുകയായിരുന്നു. പ്രതിഷേധം ശക്തി പ്രാപിച്ചതോടെ സഭാ നടപടികള്‍ തടസപ്പെട്ടു. തുടര്‍ന്നാണ് നാല് കോണ്‍ഗ്രസ് എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്.