ആംആദ്മി പാര്‍ട്ടി സഹസ്ഥാപകന്‍ നിക്ക സിംഗ് പട്യാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹിമാചലിലെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളാണ് നിക്ക സിംഗ് പട്യാല്‍. പട്യാലിന് പുറമെ സംഘടനാ സെക്രട്ടറിയും മീഡിയ ചുമതലയും വഹിച്ചിരുന്ന ഷീഷ് പാല് സക്ലാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്മാന് സുഖ്വീന്ദറിന്റെ സാന്നിധ്യത്തിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. എഎപിയുടെ വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നായിരുന്നു നിക്ക സിംഗ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. എഎപിയില്‍ തനിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. പാര്‍ട്ടി പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണെന്നും നിക്ക സിംഗ് കൂട്ടിച്ചേര്‍ത്തു.
ബിജെപി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളില്‍ നിന്ന് നിരവധി നേതാക്കള്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ ബിജെപിയില്‍ നിന്ന് വലിയൊരു കൂറുമാറ്റം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സുഖ്വീന്ദര് സിങ് സുഖു പറഞ്ഞു. ബിജെപിക്ക് കനത്ത തിരിച്ചടിയായി പാര്‍ട്ടിയുടെ മുന്‍ ഹിമാചല്‍ പ്രദേശ് പ്രസിഡന്റ് ഖിമി റാം കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.