ഇന്‍സ്റ്റഗ്രാമില്‍ 40 കോടി ഫോളോവേഴ്സുമായി ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര് ഫോളോ ചെയ്യുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയാണ്. ലയണല്‍ മെസിയേക്കാള്‍ പത്ത് കോടിയിലധികം ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.
ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണം 400 മില്ല്യണ്‍ കടന്നതോടെ നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ തന്നെ രംഗത്തെത്തി. ‘ ഇതു പോലെ ഇനിയും മുന്നോട്ടുപോകണം. എന്റെ ജീവിതവും സന്തോഷവും നിങ്ങള്‍ക്കായി ഞാന്‍ പങ്കുവയ്ക്കാം’, ക്രിസ്റ്റ്യാനോ പറഞ്ഞു.
ഫെബ്രുവരി ആറിനാണ് ഇന്‍സ്റ്റഗ്രാമില്‍ 40 കോടി ഫോളോവേഴ്സ് എന്ന നാഴികക്കല്ല് ക്രിസ്റ്റ്യാനോ പിന്നിട്ടത്. നിലവില്‍ 404 മില്ല്യണ്‍ ഫോളോവേഴ്സാണ് ക്രിസ്റ്റിയാനോയ്ക്കുള്ളത്. 2020 ജനുവരിയിലായിരുന്നു ക്രിസ്റ്റ്യാനോ 20 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കിയത്. അന്നും നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ എത്തിയിരുന്നു.