പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലോക കോടീശ്വരന് ഇലോണ്‍ മസ്കിന്റെ ട്രാന്‍സ്ജെന്‍ഡറായ മകള്‍ കോടതിയില്‍. പുതിയ ലിംഗ സ്വതവും തന്റെ പിതാവിന്റെ പേരും ഒന്നിച്ച് പറയാന്‍ താത്പര്യമില്ലെന്നും അത് പരിഗണിച്ച് പേര് മാറ്റിത്തരണമെന്നുമാണ് അവരുടെ ആവശ്യം. ലോസ് ആഞ്ചലസിലെ സാന്താ മോണിക്ക കോടതിയിലാണ് ഇവര്‍ പെറ്റീഷന് ഫയല്‍ ചെയ്തിരിക്കുന്നത്.
സേവ്യര്‍ അലക്സാണ്ടര്‍ മസ്ക് എന്ന പേരിലറിയപ്പെട്ടിരുന്ന മസ്കിന്റെ മകനാണ് തന്റെ സ്വത്വം സ്ത്രീയാണെന്ന് വെളിപ്പെടുത്തിയത്. പിന്നാലെയാണ് പേര് മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെയാണ് സേവ്യര്‍ അലക്സാണ്ടര്‍ മസ്കിന് 18 വയസ് തികഞ്ഞത്. 2008 ല്‍ മസ്കുമായി വേര്‍പിരിഞ്ഞ ജസ്റ്റിന് വില്‍സണാണ് സേവ്യറിന്റെ അമ്മ.
വിവിയന്‍ ജെന്ന വില്‍സണ്‍ എന്ന പേരിലേക്ക് മാറണമെന്നാണ് ആവശ്യം. അമ്മയുടെ പേരാണ് പുതിയ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. പിതാവിന്റെ പേര് ഒപ്പം വേണ്ടെന്ന് അവര്‍ പരാതിയില്‍ കര്‍ശനമായി പറയുന്നുണ്ട്.
പേരും ലിംഗമാറ്റ രേഖയും ഫയല്‍ ചെയ്ത് ഏകദേശം ഒരു മാസത്തിന് ശേഷം മെയ് മാസത്തില്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മസ്ക് ട്രാന്‍സ് വിഷയത്തില്‍ തന്റെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലെ ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്ന നിയമനിര്‍മ്മാണത്തെ പിന്തുണയ്ക്കണം എന്ന തീരുമാനത്തെയാണ് മസ്ക് പിന്തുണച്ചത്. ഇതില്‍ മസ്കിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.