തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വിമര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയ്ക്ക് നോട്ടിസ്. ഡിഎംകെയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. പ്രസ്താവന പിന്‍വലിച്ച് രണ്ടു ദിവസത്തിനകം പരസ്യമായി മാപ്പ് പറയണം. അല്ലാത്ത പക്ഷം 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്നും ഡിഎംകെ പറയുന്നു.
സ്റ്റാലിന്റെ ദുബായ് സന്ദര്‍ശനത്തെ കുറിച്ചാണ് അണ്ണാമലൈ അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും വിദേശനിക്ഷേപം നടത്താനാണ് സ്റ്റാലിന് ദുബായ്ക്ക് പോയതെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ ആരോപണം. ഡിഎംകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്.എസ് ഭാരതിയാണ് നോട്ടിസ് അയച്ചത്. മാപ്പ് പറയാന്‍ തയ്യാറല്ലെങ്കില്‍ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 100 കോടി രൂപ അടയ്ക്കണമെന്നാണ് നോട്ടിസിലെ ആവശ്യം.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സമ്പദ്വ്യവസ്ഥ ഉത്തേജിപ്പിക്കുന്നതിനുമായി തമിഴ്നാട്ടിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനാണ് സ്റ്റാലിന് ദുബായ് സന്ദര്‍ശിക്കുന്നതെന്ന് ഭാരതി പറഞ്ഞു. ഡിഎംകെയുടെ പ്രതിച്ഛായ വ്യാജ ആരോപണങ്ങളിലൂടെ തകര്‍ത്ത് രാഷ്ട്രീയലാഭമുണ്ടാക്കാന്‍ കഴിയുമോ എന്നാണ് അണ്ണാമലൈ നോക്കുന്നതെന്ന് ഡിഎംകെ നേതാക്കള്‍ പ്രതികരിച്ചു.