തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് നെല്ലായപ്പാര്‍-ഗാന്ധിമതി അമ്മന്‍ ക്ഷേത്രം. തിരുനെല്‍വേലിയിലെ 1500 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഒരു അമ്പലമാണ് അത്. വര്‍ഷം മുഴുവനും ഇവിടെ ഉത്സവങ്ങള്‍ നടക്കുന്നു. വിവിധിടങ്ങളില്‍ നിന്ന് നിരവധി പേരാണ് ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നത്. ഇവിടെ ഭക്തരെ സ്വീകരിക്കാന്‍ എപ്പോഴും ഒരാള്‍ ഉണ്ടാകും, ഗാന്ധിമതി എന്ന ആന. ഇപ്പോഴിതാ ഗാന്ധിമതിക്ക് ഭക്തര്‍ ചേര്‍ന്ന് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ്. തുകല്‍ കൊണ്ട് നിര്‍മിച്ച ചെരുപ്പാണ് സമ്മാനമായി നല്‍കിയത്. 12,000 രൂപയാണ് ഇതിന്റെ വില.
പതിമൂന്നാം വയസിലാണ് ഗാന്ധിമതി ആദ്യമായി ക്ഷേത്രത്തില്‍ എത്തുന്നത്. ഇപ്പോള്‍ ഗാന്ധിമതിക്ക് 52 വയസായി. ഇക്കാലമത്രയും അവള് ആളുകളോട് വളരെ സൗമ്യമായാണ് പെരുമാറിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് അവളെ വലിയ കാര്യമാണ്. അവള്‍ക്ക് വേണ്ടുന്ന എല്ലാ സൗകര്യവും ക്ഷേത്ര ഭരണസമിതി ഒരുക്കിയിട്ടുണ്ട്. വൈദ്യ പരിശോധന അടക്കം നടത്തുന്നുണ്ട്. ഇടയ്ക്കിടെ സുഖചികിത്സക്കും കൊണ്ട് പോകും. ഡോക്ടര്‍മാര്‍ അവളുടെ ശരീരഭാരവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും വിലയിരുത്തും.
അങ്ങനെ മൂന്ന് വര്‍ഷം മുമ്പ് നോക്കുമ്പോള്‍ ഗാന്ധിമതിക്ക് ഭാരം കൂടുതലാണെന്ന് കണ്ടെത്തി. ഭാരം കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ ഗാന്ധിമതിയെ ദിവസവും മൂന്ന് മണിക്കൂര്‍ നടത്താന്‍ കൊണ്ട് പോയി തുടങ്ങി. നടത്തം മാത്രമല്ല, ഭാരം കുറക്കാന്‍ ഡയറ്റും ഉണ്ടായിരുന്നു. ഇപ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗാന്ധിമതി നാരുകളുള്ള ഭക്ഷണങ്ങള്‍ മാത്രമാണ് കഴിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് 300 കിലോ വരെ ഗാന്ധിമതി കുറച്ചു.
പുതിയ ചെരുപ്പുകള്‍ ഗാന്ധിമതിയുടെ മുട്ട് വേദനയും കാലു വേദനയും കുറയ്ക്കുമെന്ന് ഭക്തര്‍ കരുതുന്നു. ഇപ്പോള്‍ അമ്പലത്തിന്റെ പ്രധാന ആകര്‍ഷണം അവളാണ്. ചെരിപ്പും ഇട്ട് നടക്കുന്ന ഗാന്ധിമതിയെ കാണാന്‍ നിരവധി പേരാണ് അമ്പലത്തില്‍ എത്തുന്നത്.