കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച മലയാളി വ്ളോഗറെ വിലക്കി കോടതി. യൂട്യൂബില്‍ പതിനാല് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള സഞ്ജു ടെക്കി എന്ന വ്ളോഗറെയാണ് കോടതി വിലക്കിയത്. എന്‍സിഎസ് ഓട്ടോമോട്ടീവ്സ് നല്കിയ പരാതിയിലാണ് കോടതിയുടെ നടപടി.
എന്‍സിഎസില്‍ നിന്ന് 20 ലക്ഷത്തോളം വില വരുന്ന ടാറ്റ സഫാരി വാങ്ങിയെന്നും കബളിപ്പിക്കപ്പെട്ടുവെന്നും കാണിച്ച് സഞ്ജു വിഡിയോ ചെയ്തിരുന്നു. കാര്‍ തകരാറിലായെന്ന് പറഞ്ഞ് കഴിഞ്ഞയാഴ്ചയാണ് സഞ്ജു രംഗത്തെത്തിയത്. ടാറ്റ സഫാരിക്കെതിരെ പന്ത്രണ്ട് വിഡിയോകള്‍ ഇതുവരെ ചെയ്തു. അഞ്ച് ലക്ഷത്തോളം കാഴ്ചക്കാരാണ് ഓരോ വിഡിയോകള്ക്കുമുള്ളത്. വിഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കമ്പനി കോടതിയെ സമീപിച്ചത്.
വിഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുനിഷ്ഠമല്ലെന്നാണ് കമ്പനി പറയുന്നത്. വ്ളോഗര്‍ സഭ്യമല്ലാത്ത ഭാഷയിലാണ് സംസാരിച്ചതെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വിഡിയോ പബ്ലിഷ് ചെയ്യരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.