പാലക്കാട് ഉറങ്ങിക്കിടന്ന നാലരവയസുകാരന് പാമ്പ് കടിയേറ്റ് മരിച്ചു. മലമ്പുഴയിലാണ് സംഭവം. മലമ്പുഴ അകമലവാരം വലിയകാട് എന്‍. രവീന്ദ്രന്റെ മകന് അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടര യോടെയാണ് സംഭവം നടന്നത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അമ്മ ബിബിതയുടെ വീട്ടില്‍വച്ചാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് പായ വിരിച്ച് അമ്മയോടൊപ്പം ഉറങ്ങിയതായിരുന്നു അദ്വിഷ്. ബിബിതയുടെ കഴുത്തില്‍ക്കൂടി ഇഴഞ്ഞതോടെയാണ് പാമ്പെത്തിയത് അറിഞ്ഞത്.
വൈകാതെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. തൊണ്ടവേദനയുള്ളതായി പറയുകയും ചെയ്തു. ദേഹത്ത് നീര്‍ക്കെട്ട് വരികയും ചെയ്തതോടെ പാമ്പിന്റെ കടിയേറ്റതായി സംശയം തോന്നി. തുടര്‍ന്ന് ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചു.