പ്രതിദിന കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കാന്‍ കേരളത്തോട് നിര്‍ദേശിച്ച് കേന്ദ്രം. ഇത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു.
രോഗികള്‍ കുറഞ്ഞ സാഹചര്യത്തില്‍ പ്രതിദിന കണക്ക് പ്രസിദ്ധീകരിക്കുന്നത് കേരളം അവസാനിപ്പിച്ചിരുന്നു ഈ പശ്ചാത്തലത്തിലാണ് നിര്‍ദേശവുമായി കേന്ദ്രം രംഗത്തെത്തിയത്. വരും ദിവസങ്ങള്‍ പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെയാണ് കേരളം കൊവിഡ് കണക്ക് പുറത്തുവിട്ടത്. ഇത് രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നാണ് ആരോഗ്യ സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കൂടുകയാണ്. ഒരു ദിവസത്തിനിടെ 2183 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ 90 ശതമാനം അധികമാണ് ഇന്നത്തെ കണക്ക്. 24 മണിക്കൂറിനിടെ 214 പേര് കൊവിഡ് ബാധിച്ച് മരിച്ചു.