ഹൃദയാഘാതം സംഭവിച്ച ഉടമയെ രക്ഷിച്ച് വളര്‍ത്തുപൂച്ച. ലണ്ടനിലാണ് സംഭവം നടന്നത്. നോട്ടിങ്ഹാംഷെയറിലെ സ്റ്റാപ്പിള്‍ഫോര്‍ഡില്‍ താമസിക്കുന്ന മെഡിക്കല്‍ റിസപ്ഷനിസ്റ്റായ സാം ഫെല്‍സ്റ്റഡിനെയാണ് ഏഴ് വയസ്സുള്ള ബില്ലി എന്ന പൂച്ച രക്ഷിച്ചത്. തന്നെ പൂച്ച കൃത്യ സമയത്ത് ഉണര്‍ത്തിയില്ലായിരുന്നുവെങ്കില്‍ താന്‍ ഉറക്കത്തില്‍ ഹൃദയാഘാതം വന്നു മരണപ്പെട്ടേനെ എന്നാണ് 42-കാരിയായ സാം ഫെല്‍സ്റ്റഡ് പറയുന്നത്.
എന്നും ഉറങ്ങാറുള്ളത് വളര്‍ത്തു പൂച്ചയ്ക്കൊപ്പമാണ്. ഹൃദയാഘാതമുണ്ടായ രാത്രിയില്‍ പൂച്ച പതിവില്ലാതെ കാലുകള്‍ ഉപയോഗിച്ച് തന്റെ നെഞ്ചില്‍ ശക്തമായി തട്ടിയുണര്ത്താന് ശ്രമിച്ചു, മാത്രമല്ല ചെവിക്കരികില്‍ നിന്ന് പൂച്ച കരയാനും തുടങ്ങി. പെട്ടെന്ന് ഉണര്‍ന്ന തനിക്ക് അനങ്ങുവാന്‍ പോലും കഴിഞ്ഞില്ല. ശരീരം മുഴുവന്‍ വിയര്‍ക്കാനും തുടങ്ങിയെന്ന് സാം പറയുന്നു.
നെഞ്ചിന്റെ വലതു ഭാഗത്തായി കഠിനമായ വേദനയുമുണ്ടായിരുന്നുവെന്ന് സാം പറയുന്നു. ഇതുകണ്ട് ഓടിയെത്തിയ അമ്മ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതായി ഡോക്ടര്‍മാരാണ് പറഞ്ഞതെന്ന് സാം പറഞ്ഞു.