ന്യൂഡല്‍ഹി: വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മോദി തിരിച്ചുവരും’ എന്ന് വിദേശ രാജ്യങ്ങള്‍ക്ക് പോലും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപി ദേശീയ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മോഡി ഇക്കാര്യം പറഞ്ഞത്.
‘ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതേയുള്ളൂ, എന്നാല്‍ എനിക്ക് വിദേശ രാജ്യങ്ങളില്‍ സെപ്തംബര്‍ മാസം വരെ ക്ഷണമുണ്ട്. ഇത് എന്താണ് സൂചിപ്പിക്കുന്നത്? അതിനര്‍ത്ഥം ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങള്‍ക്ക് ബിജെപി സര്‍ക്കാരിന്റെ തിരിച്ചുവരവില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ട് എന്നാണ്’, എന്നും മോഡി കൂട്ടിച്ചേര്‍ത്തു.
അധികാരം ആസ്വദിക്കാനല്ല, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ മൂന്നാം തവണയും ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, ഇന്ത്യ അഭൂതപൂര്‍വമായ വേഗത കൈവരിക്കുകയും സുപ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ധൈര്യം നേടുകയും ചെയ്തു.
ഇന്ത്യ എല്ലാ മേഖലകളിലും ഉയരങ്ങളിലെത്തി. നമ്മള് ഇന്ത്യയെ വികസിതമാക്കണം. അടുത്ത 5 വര്‍ഷത്തിനുള്ളില്‍, ഇന്ത്യ മുമ്പത്തേക്കാള്‍ വളരെ വേഗത്തില്‍ മുന്നേറുമെന്നും മോദി പറഞ്ഞു.
അടുത്ത 100 ദിനങ്ങള്‍ വളരെ നിര്‍ണായകമാണെന്ന് ഭാരത് മണ്ഡപത്തിലെത്തിയ ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും അദ്ദേഹം പറഞ്ഞു. ഓരോ പുതിയ വോട്ടര്‍മാരിലേക്കും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരേണ്ടതുണ്ട്. എല്ലാവരുടെയും വിശ്വാസം നേടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.